Sunday, March 07, 2010

ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍



ഗ്രാന്റ് മാസ്റ്റര്‍(?) ജി. എസ്. പ്രദീപ് ജയ്ഹിന്ദ് ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ്‌ രണാങ്കണം. പ്രദീപ് പറയുന്ന വാചകം ശരിയാണോ തെറ്റാണോ എന്നാണ്‌ മത്സരാര്‍ത്ഥികള്‍ പറയേണ്ടത്. കൈരളിയില്‍ നിന്നും ജയ്‌ഹിന്ദിലേക്ക് വന്നപ്പോള്‍ പ്രദീപിന്റെ മാറിയ രാഷ്ട്രീയത്തിനെ പറ്റി മുമ്പൊരിക്കല്‍ വായിച്ചിരുന്നു.

ഈ പരിപാടി തുടങ്ങിയിട്ട് ഇതു വരെ കാണാന്‍ പറ്റിയില്ല. പക്ഷേ, അതില്‍ പ്രദീപ് പറഞ്ഞതായി കേട്ട ചില കാര്യങ്ങള്‍ സംശയം തോന്നി ഗൂഗ്ലി നോക്കിയപ്പോഴാണ്‌ കെട്ടുകഥയും പൊട്ടതെറ്റുമൊക്കെയാണു പ്രദീപ് തന്റെ അറിവിന്റെ ഭണ്ടാരത്തില്‍ നിന്നും പുറത്തെടുത്തിടുന്നതെന്ന് മനസ്സിലായത്.

കഴിഞ്ഞ ദിവസം കണക്കിനു നോബല്‍ സമ്മാനം നല്‍കാത്തതിനു കാരണമായി പ്രദീപ് പറഞ്ഞത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യ ഒരു ഗണിതശാസ്ത്രജ്ഞനുമായി ഒളിച്ചോടിപ്പോയതിന്റെ വിരോധം കൊണ്ടാണെന്നാണ്‌. ജീവിതത്തിലൊരിക്കലും കല്യാണം കഴിച്ചിട്ടില്ലാത്ത നോബല്‍ ഗുസ്ത മിറ്റാഗ് ലെഫ്ലര്‍ എന്നൊരു ഗണിതശാസ്ത്രജ്ഞനോടുള്ള വിരോധത്താല്‍ അങ്ങേര്‍ക്ക് അവാര്‍ഡ് കിട്ടരുതെന്ന് കരുതിയാണ്‌ ഗണിതത്തിനു നോബല്‍ പ്രൈസ് വേണ്ടെന്നു വെച്ചതെന്നൊരു കെട്ടുകഥ പണ്ടു പ്രചാരത്തിലുണ്ടായിരുന്നു. അതു വെറും നുണക്കഥയാണെന്നുള്ളതിന്‌ ധാരാളം തെളിവുകളുണ്ട്. ഗണിതം മാനവരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍കുന്ന ഒരു വിഭാഗമായി നോബല്‍ കണക്കാക്കാതിരുന്നതാണ്‌ യഥാര്‍ത്ഥ കാരണമായി വിശ്വസിക്കപ്പെടുന്നത്. പഴയ കെട്ടുകഥ പ്രദീപും കേട്ടുകാണുമായിരിക്കണം. പക്ഷേ, ഇത്തരം പരിപാടികളില്‍ വന്ന് ഇക്കഥകളൊക്കെ വിളമ്പുന്നതിനു മുമ്പ് സത്യം എന്താണെന്ന് ഒന്നു ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.

മറ്റൊരിക്കല്‍ പ്രദീപ് പറഞ്ഞത് ദേശീയ ശാസ്ത്രദിനം ആഘോഷിക്കുന്നത് സി.വി.രാമന്റെ ജന്മദിനത്തിനാണെന്നാണ്. സി.വി.രാമന്‍ രാമന്‍ എഫക്റ്റ് അവതരിപ്പിച്ച ഫെബ്രുവരി 28 ആണ്‌ ശാസ്ത്രദിനമായി ആചരിക്കുന്നത്. അദ്ദേഹം ജനിച്ചത് നവംബര്‍ 7നും.

പണ്ട് ഇത്തരം വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞാല്‍ അതില്‍ ഇത്രമാത്രം സത്യമുണ്ടെന്ന് പരിശോദിക്കല്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി അതല്ലല്ലോ..

Sunday, February 28, 2010

ശ്രീശാന്തിനു ലോക റെക്കോര്‍ഡ്


ഗ്വാളിയോറില്‍ നടന്ന ഇന്ത്യയും സൗത്ത്‌ ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം സച്ചിന്റെ ഇരട്ട സെഞ്ച്വറിയോടെ ചരിത്രത്തില്‍ ഇടം നേടിയെങ്കിലും അതേ മത്സരത്തില്‍ ശ്രീശാന്ത് ബൌളിങ്ങില്‍ ഒരു ലോക റെക്കോര്ഡ് നേടിയത് ആരുമറിഞ്ഞില്ലെന്ന് തോന്നുന്നു. അതോ അറിഞ്ഞിട്ട് ആരും അതിനൊരു വിലയും നല്കാഞ്ഞതാണോ..

ആ മത്സരത്തിലെ ബൌളിങ്ങിലൂടെ ശ്രീശാന്ത് കുറഞ്ഞത് ആയിരം ബോളെങ്ങിലും എറിഞ്ഞിട്ടുള്ള ബൌളര്മാരില്‍ ഏറ്റവും ഉയര്ന്ന എക്ക്ണോമി റേറ്റ് ഉള്ള ബൌളറായി മാറി. മൂന്നാം ഏകദിനത്തില്‍ ശ്രീശാന്തിന്റെ റെക്കോര്ഡ് തകര്ക്കപ്പെടുമോയെന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്റെ ശ്രീ മറ്റൊരുഗ്രന്‍ പ്രകടനത്തിലൂടെ എക്കണോമി റേറ്റ് ആറിനു മുകളിലുള്ള ഒരേയൊരു ബൌളറായി മാറുകയായിരുന്നു.


ശ്രീയുടെ പ്രകടനം തുടര്ന്നുള്ള മത്സരങ്ങളില്‍ അവസരം നേടികൊടുക്കുമോയെന്ന സംശയമുണ്ടെങ്കിലും ഇനിയും അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ എക്കണോമി റേറ്റ് വീണ്ടും വീണ്ടും ഉയര്ത്തി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ ശ്രീക്ക് എത്താന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

Thursday, August 06, 2009

കൈകളെന്തിനു വേറേ..

യുട്യൂബില്‍ പലതരം വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതു പോലൊന്ന് ആദ്യമായാണ്‌ കണ്ടത്.. കൈ രണ്ടും വെട്ടിക്കളഞ്ഞ് കാലു മാത്രമായാലോയെന്ന് തോന്നിപ്പോയി.



Monday, September 08, 2008

വിവാഹ മംഗളാശംസകള്‍

ബ്ലോഗര്‍മാരായ (ആയിരുന്ന?) പൊന്നപ്പന്‍ - the Alien ഉം കൂടോത്രം കത്രീനയും ആരേയും (അറ്റ്ലീസ്റ്റ് എന്നെയെങ്കിലും) അറിയിക്കാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ക്കും സര്‍വ്വ മംഗളങ്ങളുമുണ്ടാകട്ടേയെന്ന് ശപിച്ചു കൊള്ളുന്നു

Thursday, June 19, 2008

വ്യത്യസ്തനായ പാലോളി



അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാത്ത ഒരു നല്ല നേതാവിന്റെ പേരു ചോദിച്ചാല്‍ ഒരു പക്ഷേ, കോണ്‍ഗ്രസ്കാര്‍ പോലും ആന്റണിക്കു മുന്നേ പറയുക തദ്ദേശ കാര്യ വകുപ്പ് മന്ത്രി പോലോളി മുഹമ്മദ് കുട്ടിയെന്നായിന്നായിരിക്കും. അദ്ദേഹത്തിന്റെ ആദര്‍ശ ശുദ്ധിക്കും എളിമയ്ക്കും മറ്റൊരുദാഹരണം കൂടി ഈ അടുത്ത് ഉണ്ടായി.

മൂന്നു ചെറുമക്കളുടെ വിവാഹം വളരെ ലളിതമായി സ്വന്തം വീട്ടില്‍ നടത്തി. മന്ത്രിമാരേയോ മറ്റു പ്രമുഖ വ്യക്തികളേയോ ആരേയും ക്ഷണിക്കാതെ തികച്ചും സ്വകാര്യമായി. മനോരമയിലെ വായനക്കാരുടെ കത്തുകളിലൂടെയാണ് ഞാനീ വാര്‍ത്തയറിഞ്ഞത്. ഒരു പത്രത്തിലും ഇതു വാര്‍ത്തയായി കണ്ടില്ല.


വാര്‍ത്തയാക്കിയാലല്ലേ വാര്‍ത്ത വരൂ..

ബ്ലോഗെഴുതിയ നായര്‍ അറസ്റ്റില്‍


സിംഗപ്പൂര്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും അമേരിക്കന്‍ പൌരനും സര്‍വ്വോപരി ഒരു ബ്ലോഗറുമായ ഗോപാലന്‍ നായരെ മെയ് 31-നു സിംഗപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു; പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. നായര്‍ തന്റെ ബ്ലോഗില്‍ ഒരു വനിതാ ജഡ്ജിയെ പറ്റി മോശമായെഴുതിയതാണ് കേസ്.
സിംഗപ്പൂരിലെ ആദ്യ പ്രധാനമന്ത്രിയായ ലീ കുവാന്‍ യ്യ്യൂവും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ലീ ലൂങ്ങും ആയിട്ടുള്ള ഒരു കേസിനെ പറ്റി നായര്‍ ബ്ലോഗില്‍ എഴൂതിയിരുന്നു . ആവേശത്തില്‍ ജഡ്ജിയായ ബെലിന്‍ഡ ആങ്ങ് വ്യഭിചരിക്കുകയാണെന്ന് എഴുതിക്കളഞ്ഞു (“The judge Belinda Ang was throughout prostituting herself during the entire proceedings, by being nothing more than an employee of Mr. Lee Kuan Yew and his son and carrying out their orders. There was murder, the rule of law being the repeated victim.“). സിംഗപ്പൂരല്ലേ സ്ഥലം.. രണ്ട് ദിവസത്തിനുള്ളില്‍ നായരകത്ത്.
ലീ കുവാനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സിംഗപ്പൂര്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടിയ ആളാണ് ഗോപാലന്‍ നായര്‍. ജാമ്യത്തിലിറങ്ങിയ നായര്‍ ഏതായാലും വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. കോടതി വിശേഷങ്ങളുമായി ബ്ലോഗ് തകര്‍ക്കുകയാണ്.

Sunday, June 08, 2008

പ്രതിഷേധം - Black Week Against Kerals.com

I do join with injipennu in her protest againt the evils kerals.com

injipennu നോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.